Saturday, December 31, 2011


വിട പറയുമ്പോൾ

വിട പറയുന്നു വീണ പൂവും 
കരിഞ്ഞ സ്വപ്നവുമൊരു കലണ്ടറും
വിഹ്വലത ശ്രുതിയിട്ട തേങ്ങലുകൾ ലയമായ
നോവിന്റെ പാട്ടുമായ് പുത്തൻ പ്രതീക്ഷകൾ
പുതു വത്സരത്തിന്റെ സൂര്യതേജസ്സോടെ 
വന്നണയുന്നിതാ സ്വാഗതമോതിടാം

കശുമാവുകൾ വീണ്ടും പൂക്കുമ്പോൾ 
കുഞ്ഞേ നിൻ ദൈന്യ മുഖം 
വിഷമഴയുടെ തിരുരൂപം
കണ്മുന്നിൽ തെളിയുമ്പോൾ
എങ്ങനെ നാമാഘോഷിക്കും 
ഈ പുതുവർഷപ്പുലരി

ജീവാമൃതമാകേണ്ട ജലം മുല്ലപ്പെരിയാറിൽ
മരണഭയാഗ്നിപർവ്വതമായിപ്പുകയുമ്പോൾ
സോദരർ തമ്മിൽ കുടിപ്പകയേറുമ്പോൾ
പ്രകൃതീ നിന്നന്ത്യവിധിക്കോ നീതിപീഠം കാത്തിരിക്കുന്നു
മായാത്ത ദുരന്ത ചിത്രങ്ങൾ നിസ്സംഗതയുടെ 
തിമിരം മിഴികൾക്കേകുമ്പോൾ
എങ്ങനെ നാമാഘോഷിക്കും
ഈ പുതുവർഷപ്പുലരി

കാപട്യം പുത്തൻ കുഞ്ഞാടിൻ തോലുകൾ നേടി
സേവന പീഠനമിവിടെത്തുടരുമ്പോൾ
തേങ്ങലുകൾ പോലുമടക്കി കാലത്തെയാകെ ശപിച്ച്
പാഴായൊരു ജന്മ സമസ്യകൾ മറുമൊഴി തേടുമ്പോൾ
നാളേയുടെ നീലാകാശം താണ്ടേണ്ടൊരു ചിറകുകളെല്ലാം
അരിഞ്ഞു വീഴ്ത്തും നിഷാദനിവിടെ മന്നവനാകുമ്പോൾ
എങ്ങനെ നാമാഘോഷിക്കും
ഈ പുതുവർഷപ്പുലരി


Sunday, August 10, 2008

ചന്ദ്രിക നീരാട്ടിനിറങ്ങി ( ഗാനം)


ചന്ദ്രിക നീരാട്ടിനിറങ്ങി
ചന്ദ്രഗിരീ നിന്‍ ഓളങ്ങളില്‍
ചന്ദനം പൂക്കുന്ന താഴ്വരയില്‍
ചാമരം വീശി തളിര്‍തെന്നല്‍
[ചന്ദ്രിക നീരാട്ടിനിറങ്ങി..........
ഇന്ദുമുഖീ നിന്‍ നീള്‍മിഴിപ്പൊയ്കയില്‍
ഇന്ദീവരമായ് വിടരാന്‍ കൊതിപ്പു ഞാന്‍
സുന്ദരമാമീ പൌര്‍ണ്ണമി നിന്നുടെ
മന്ദഹാസമോ മാന്ത്രിക സ്പര്‍ശമോ?
[ചന്ദ്രിക നീരാട്ടിനിറങ്ങി...........
പൊന്‍‌കണിയൊരുക്കീ പുലര്‍കാല ചന്ദ്രന്‍
പൊന്‍‌ഹാരമണിഞ്ഞൊരുങ്ങീ കണിക്കൊന്ന
പൂമകളേ നീയുണരൂ ഇന്നെ‌ന്റെ
പൂവാടിയില്‍ സ്നേഹ സുഗന്ധമായൊഴുകൂ
[ ചന്ദ്രിക നീരാട്ടിനിറങ്ങി...........
************************************************
ആരെങ്കിലും പാടിക്കേള്‍‌ക്കാന്‍ പറ്റിയിരുന്നെങ്കില്‍.........

Sunday, June 29, 2008

Friday, January 4, 2008

തിരയുന്നതെന്തെന്റെ മിഴിയില്‍ ( ഒരു യുഗ്മഗാനം )

Voice A
തിരയുന്നതെന്തെന്റെ മിഴിയില്‍
തിരയുടെ താളമോ തീരത്തിന്‍ മോഹമോ
താരാട്ടു കേട്ടു മയങ്ങുന്ന പൈതലിന്‍
തൂനിലാവൂറുന്ന പുഞ്ചിരിയോ
പറയൂ പറയൂ നീ
തിരയുന്നതെന്തെന്റെ മിഴിയില്‍

*************[തിരയുന്നതെന്തെന്റെ.....
Voice B
ഒരു സ്വപ്നവസന്തമെന്റെ മുന്നില്‍ വിരിഞ്ഞപ്പോള്‍
ഒരായിരം നെയ്ത്തിരി ദീപം തെളിഞ്ഞപ്പോള്‍
ഓര്‍മ്മകള്‍ ചിത്രശലഭങ്ങളായെന്നെ
ഒരുപൂമുറ്റത്തേക്കു മാടിവിളിക്കുന്നു
അതു നിന്റെ മിഴികളില്‍ തെളിയുന്നു കണ്മണീ
അനുരാഗലോലമാ തിരുവോണ നാളുകള്‍

********** [തിരയുന്നതെന്തെന്റെ ......
A
ഇനിയും വരില്ലേ വസന്തം ...
B
ഇതള്‍ നീട്ടുകില്ലേ സുമങ്ങള്‍ ...
A
ഹൃദയത്തില്‍ വിരിഞ്ഞൊരാ രാഗപുഷ്പത്തിന്റെ
വാടാത്തയിതളുകളില്ലേ...
B
നമ്മില്‍ മായാത്ത സൌരഭ്യമില്ലേ...
A&B
മണ്ണിനെ വിണ്ണാക്കാന്‍ മുള്ളിനെ പൂവാക്കാന്‍
കൈകോര്‍ത്ത നമ്മളൊന്നല്ലേ..
എന്നും നമ്മള്‍ക്ക് തിരുവോണമല്ലേ....

********** [തിരയുന്നതെന്തെന്റെ മിഴിയില്‍......

Monday, December 10, 2007

വിനീതിന് പിറന്നാളാശംസകള്‍ഇവന്‍ വിനീത്
എന്നെ ‘പുത് ‘ നരകത്തില്‍ നിന്നും ത്രാണനം ചെയ്യേണ്ടവന്‍....
ഇന്ന് പന്ത്രണ്ടാം പിറന്നാള്‍ ദിനത്തില്‍ എല്ലാ ഐശ്വര്യാശംസകളും നേരുന്നു....

സ്‌നേഹപൂര്‍വം അച്ഛന്‍
------------------------

Sunday, December 2, 2007

പ്രഭാതകിരണം (ഒരു ഗാനം)

പ്രഭാതകിരണം തഴുകീയിരുളിന്‍
യവനികയുയര്‍ന്നു നിന്‍ പുഞ്ചിരിയാല്‍
പ്രണവമുണര്‍ന്നു പ്രകൃതിയുണര്‍ന്നു
പ്രിയതരമാമനുരാഗമുണര്‍ന്നു.

പ്രഭാതകിരണം.............

പരിണയസുദിനം കനവിലണഞ്ഞു
പരിമൃദുവദനം സുമദലമണിഞ്ഞു
പ്രണയവനികയില്‍ വനചന്ദ്രികയായ്
പടരാന്‍ പാലാഴി ചൊരിയാനണയൂ

പ്രഭാതകിരണം.........

അനാരതം തവ സ്മിതാതിമധുരം
സഞ്ജീവനിയായ് ഹൃത്തില്‍ നിറഞ്ഞു
അനുരാഗവിവശന്‍ അകതാരിലുണര്‍ന്നു
സമക്ഷമണയൂ ഹൃദയേശ്വരിയേ

പ്രഭാതകിരണം..........