Tuesday, August 14, 2007

സ്വപ്നങ്ങള്‍

സ്വപ്നങ്ങളെ ജീവിതപ്പാത നീളെ
നിഴലായ് പിന്തുടരുമോ എന്നെ
സുകൃതസുന്ദരദിനമെന്നു നിങ്ങളെ
എന്നില്‍ നിന്നകറ്റീടുമെന്നറിവീലെനിക്ക്.

അഭ്രപാളികളില്‍ തെളിയും ഭ്രമാത്മക-
വര്‍ണ്ണചിത്രങ്ങളിലല്ലാ, വിലപ്പെട്ട
ജീവിതം വിറ്റും നേടും നിമിഷങ്ങളുമല്ല
മണിമാളികയല്ല മഞ്ഞലോഹവുമല്ല
മരണം തീണ്ടീടാത്ത ഗാത്രവുമല്ലെന്‍ സ്വപ്നം.

മഴവില്ലുലയുന്ന നീലാംബരത്തിന്‍ മീതെ
കുടയായോസോണ്‍ പാളിയെന്നെന്നുമുണ്ടാവണം
വാര്‍മതി വിലസുന്ന വൈശാഖരജനിയില്‍
ഭീതിയെന്യേയതാസ്വദിക്കുവാന്‍ കഴിയണം

മതവൈരത്തിന്‍ മദപ്പാടുകളൊഴിഞ്ഞൊരു
ജനതയെന്റെ കൂട്ടുകുടുംബമായീടണം
വിശ്വത്തിന്‍ വിശ്വാസമായ് മാറുവാനെന്റെ
നാടൊരുപാടൊരുപാട് മുന്നോട്ട് കുതിക്കണം

വാത്സല്യമോലും സ്മൃതിചിഹ്നങ്ങളെന്നെന്നുമെന്‍
വന്ദ്യയാം മാതാവിന്റെ സുസ്മിതമായീടണം
പിന്നിടും വഴിയിലീ ചിന്തകള്‍ പിന്തുടര്‍ന്നു
സ്വപ്നങ്ങളായ് വന്നേറെ നിദ്രയെ വിഴുങ്ങുന്നു
.