Sunday, July 29, 2007

60 വയതിനിലെ

ഇരട്ടകളിലൊരാള്‍ ഞാന്‍
വയസ്സ് അറുപത് കഴിയുന്നു

തിരിഞ്ഞു നോക്കാന്‍ പേടിയാകുന്നു
മുന്നോട്ടുള്ള കാഴ്ചയ്ക്കൊരവ്യക്തത

അമ്മയ്ക്ക് കാലനായിപ്പിറന്ന സഹോദരന്‍
മക്കളുടെ ചങ്ങലയില്‍
പീഠാനുഭവങ്ങള്‍ ഏറ്റുവാങ്ങി
നരകിക്കുകയാണ്
എന്നു കേള്‍ക്കുന്നു.

ശൈശവം വെറുക്കുന്നൊരോര്‍മ്മ
മാതാവിനു പിന്നാലെ
പിതാവിന്റെ അരും കൊലയും
അതിജീവനത്തിന്റെ ദുരന്തസ്മരണകളും

യൌവനം കൊള്ളാം
ചങ്കൂറ്റത്തൊടെ സ്വന്തം കാലില്‍
ഏതാള്‍ക്കൂട്ടത്തിലും വ്യക്തിത്വം വിളിച്ചോതി
നിരാലംബര്‍ക്ക് കൈത്താങ്ങായി

പിന്നെപ്പൊഴോ, സിരയില്‍
അണുക്കളായ് കാപട്യമെത്തിപ്പെട്ടു.
വ്രണങ്ങള്‍ ശരീരത്തില്‍
അങ്ങിങ്ങു ജീര്‍ണ്ണിക്കയായ്

ഒഴിയും കട്ടില്‍ കിട്ടാന്‍
അച്ഛന്റെ മരണത്തെ
വരവേല്‍ക്കുന്ന മക്കള്‍
തന്നുടെ കാലമായി.

സ്വത്വമെന്നൊരു ധനം
പണയം വെച്ചു
പണ്ടു കൊള്ളതന്നവാ‍സാനമമ്മയെ
കൊന്നുതിന്ന കള്ളന്റെ മുന്നിലവര്‍.

എന്നെയുമവന്റെ ചങ്ങലയ്ക്കുള്ളില്‍
പൂട്ടുന്നതെന്നാണാവോ?.

കൊച്ചു മക്കളേ,
നിങ്ങളറിയണം
ഈ വൃദ്ധന്റെ മനോനില
ചങ്ങലയ്ക്കു ഭ്രാന്തു പിടിക്കാതെ സൂക്ഷിക്കണം.

Thursday, July 12, 2007

ഒരു ശോകഗാനം

മിഴിനീരിലലയുന്ന നൌകയീ ജീവിതം
തുഴ പോലുമില്ലാതെയുഴറുന്നു മാനസം
ശ്രുതിഭംഗമില്ലാതെ പാടുവതെന്നിനി
ഹൃദയതാളം പോലുമവതാളമകുമ്പോള്‍

വ്യര്‍ത്ഥമോഹങ്ങള്‍ തന്‍ സ്വപ്നതീരം തേടാന്‍
വിരിയുന്ന പുലരി തന്‍ പുഞ്ചിരി കാണുവാന്‍
വെമ്പുന്ന നീലനിശീഥമേ ഈ വഞ്ചി-
യണയുന്ന തീരമേതെന്നു നീയറിയുമോ?

ലക്ഷ്യം മരീചികയായ് തെന്നി മാറവേ
സ്വപ്നങ്ങളിരുളിന്റെ ഗഹ്വരം തേടവേ
ശുക്രനക്ഷത്രവും കണ്ണടക്കുന്നുവോ?
ശൂന്യമാമിരുളിലീ തോണി മുങ്ങുന്നുവോ?

വിധിയുടെ വിളയാട്ടത്തില്‍ പ്രതീക്ഷയറ്റ് ജീവിതം വഴിമുട്ടി നില്‍ക്കുന്ന ഒരു ദുരന്ത കഥാപാത്രത്തിന്റെ നേര്‍ത്തു നേര്‍ത്തില്ലാ‍താവുന്ന ദയനീയസ്വരം.