Saturday, February 17, 2007

എന്റെ ചങ്ങാതിമാര്‍ക്ക്. (കവിത)

നിങ്ങള്‍, അക്ഷരങ്ങളെന്നോര്‍മ്മകള്‍,
കാലങ്ങളായി കൂടെപ്പോരുന്ന നിഴലുകള്‍
ഇരുളും വെളിച്ചവും, ബോധവുമബോധവും,
നിനവും മറവിയും, ദിനവും രജനിയും,
ഭേദമില്ലാതെയെന്റെ ഹൃദയസ്പന്ദനങ്ങള്‍
നിലനിര്‍ത്തുന്ന ജീവനാഡി തന്‍ തുടിപ്പുകള്‍.

നശ്വരമാകും ലോകവണ്ടി തന്‍ നിയന്ത്രണം
എത്രയോ കാലങ്ങളായ് അക്ഷരക്കടിഞ്ഞാണില്‍,
*ഗഡ്ഡിയും, മഷിത്തണ്ടും, സ്ലേറ്റുമായ് പള്ളിക്കൂട-
യാത്ര ഞാന്‍ പുറപ്പെടും മഴ വന്നെതിരേല്‍ക്കും.
ഇല്ലൊരു കുട പിന്നെയമ്മ തന്‍ **കൊരമ്പയും
ചൂടിയങ്ങെത്തുമ്പോഴേക്കൊക്കെയും നനഞ്ഞിടും.

ആദ്യമായ് ഹരിശ്രീയെന്നെഴുതിച്ച നാള്‍ തൊട്ടെന്‍
കൈത്തുമ്പിലുണ്ടീ ചിത്രജാലങ്ങളക്ഷരങ്ങള്‍.

ഒത്തിരിയറിവിന്റെ ജാലകം തുറക്കാനും,
ഉള്ളിലെ നിനവുകള്‍ക്കുയിരു കൊടുക്കാനും,
ഇഷ്ടങ്ങള്‍ കൈമാറാനും, നൊമ്പരപ്പെടുത്തിയ
കനവിന്‍ മയില്‍പ്പീലിത്തുണ്ടുകള്‍ സൂക്ഷിക്കാനും,
ഇല്ലായ്മ തന്‍ ഭൂതത്തിന്‍ കൈകളില്‍പ്പിടഞ്ഞൊരു
പുത്രവാത്സല്യത്തിന്റെ കണ്ണീരിലാറടുമ്പോള്‍
വര്‍ണ്ണങ്ങള്‍ മാരിവില്ലായ് വിടരാത്ത ബാല്യത്തില്‍
സഹയാത്രികരായി കൂടെ നടക്കുവാനും,
നിങ്ങളല്ലാതെയാരുമുണ്ടായിരുന്നില്ലെന്റെ
മിത്രജാലമേ ധന്യമെന്നുമീ സഹയാത്ര.*സ്ലേറ്റ് പെന്‍സില്‍
** മഴ നനയാതെ കുനിഞ്ഞ് നിന്നും കൃഷിപ്പണി ചെയ്യാന്‍ പറ്റുന്ന വിധത്തില്‍ പച്ച തെങ്ങോല മെടഞ്ഞുണ്ടാക്കുന്ന ഓലമറ. (കാസറഗോഡന്‍ ഭാഷ ,കൂടുതല്‍ വാക്കുകള്‍
ഇവിടെ)

11 comments:

പൊതുവാള് said...

ബൂലോക സുഹൃത്തുക്കളെ ഇവിടെ ഈ പുതിയ വീട്ടില്‍ ചെറിയ രീതിയില്‍ തീപൂട്ടിത്തുടങ്ങുകയാണ്
ഏവര്‍ക്കും സ്വാഗതം.
ആരുംതന്നെ വിളിച്ചില്ല, കേട്ടില്ല, കണ്ടില്ല എന്നൊന്നും പരാതി പറയരുത്.

ആദ്യത്തെ പോസ്റ്റ് “എന്റെ ചങ്ങാതിമാര്‍ക്ക്”.

വല്യമ്മായി said...

പാലുകാച്ചലിന് വന്നിട്ട് നല്ല മധുരമുള്ള പാല്‍‍പ്പായസം തന്നെ കിട്ടി.അഭിനന്ദനങ്ങള്‍

sandoz said...

പെരുമ്പളവാളാ....അതു ശരി.....പുതിയ കുടീല്‍ പാലു കാച്ചി ...അല്ലേ......വായിക്കാന്‍ ഒരു രസമൊക്കെയുണ്ട്‌ കേട്ടാ......

ഹായ്‌...വിശ്വശ്രീ കുട്ടീ....

കൃഷ്‌ | krish said...

വീളീച്ചു, വന്നു..
നന്നായിട്ടുണ്ട്.

വിഷ്ണു പ്രസാദ് said...

ഫോണ്ട് കളര്‍ ,ബാക്ഗ്രൌണ്ട് തുടങ്ങിയവ മാറ്റണം.
എല്ലാവരും വായിക്കണ്ടേ.ബാക്ഗ്രൌണ്ട് വെളുപ്പും അക്ഷരങ്ങള്‍ കറുപ്പുമായാല്‍ അനായാസം വായിക്കാം.

അനംഗാരി said...

ഇതെന്തെടേ..അത്തപ്പൂക്കളമത്സരമോ?
ഒന്നും വായിക്കാന്‍ ഈ വയസ്സനു കഴിയുന്നില്ല.നിറം അല്‍പ്പം കുറച്ച് തരുമോ? വാവമോള്‍ നന്നായിട്ടുണ്ട്.കവിതയും.

സഞ്ചാരി said...

ആദ്യമെത്തണമെന്നാഗ്രഹിച്ചതാണ്.അല്പം താമസിച്ചു പോയൊ എന്നൊരു സംശയം.
വരാന്‍ വൈകിയത് ചളിയംക്കോട്ട് റോഡ് ബ്ലോക്കായിരുന്നു.
വിശ്വശ്രീയുടെ ആയുരാ ആ‍ാരോഗ്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു.

പൊതുവാള് said...

കേട്ടറിഞ്ഞും പറഞ്ഞറിഞ്ഞും എത്തിച്ചേര്‍ന്ന ചങ്ങാതിമാര്‍ക്കും നന്ദി.

വല്ല്യമ്മായി:)
ആദ്യമേ എത്തിച്ചേര്‍ന്ന് പാലുകാച്ചിത്തന്ന് പായസം കുടിച്ച് മടങ്ങിയതിന് നന്ദി.പായസത്തിന് മധുരം ഉണ്ടായിരുന്നല്ലേ?

സാന്‍ഡോസേ:)
നന്ദി. എന്നും കൂടെയുണ്ടാവണേ...

കൃഷ്:)
വന്നല്ലൊ നന്ദി, സന്തോഷായി..

വിഷ്ണുപ്രസാദ്:)
വന്ന് വായിച്ചതില്‍ സന്തോഷം.കീറിയ ഇലയെക്കുറിച്ചു മാത്രമേ പറഞ്ഞുള്ളൂ ഊണിനെക്കുറിച്ചൊന്നും .....,ഒക്കെ നമുക്ക് ശരിയാക്കാം.

അനംഗാരി:)
പെരുത്ത് സന്തോഷായി.(അത്രയ്ക്കൊക്കെ വയസ്സായോ,അപ്പൂപ്പാന്ന് വിളിക്കണോ)ഒക്കെ ശരിയാക്കിക്കൊണ്ടിരിക്കുന്നു.

സഞ്ചാരി:)
നാട്ടുകാരനും എത്തിച്ചേര്‍ന്നതില്‍ ,ഇരട്ടി സന്തോഷം.എന്തിനാ ചളിയംകോട് വഴി വന്നത് കാഞ്ഞിരോട്ട്ന്നാണെങ്കില്‍ പരവനടുക്കം വഴിയോ മേല്പറമ്പ് നിന്നാണെങ്കില്‍ ദേളി വഴിയോ വരാര്‍ന്നില്ലെ?.

ഇനിയും എത്തിച്ചേരാത്തവര്‍ക്ക് വേണ്ടി ഞാനിവിടെ കാത്തിരിക്കുന്നു.

ലോനപ്പന്‍ (Devadas) said...

ദേ ഞാനും എത്തി

പൊതുവാള് said...

ലോനപ്പാ :)
എത്തിയല്ലോ സന്തോഷമായി.

എന്നാലും ഗഡീ ദ്വന്ദ്വവ്യക്തിത്വവുമായി കുറേക്കാലം നടന്നുവല്ലേ?.അവസാനം എന്തു പറ്റി കൈഷാകുവിന്റെ മനസ്സ് ആവേശിച്ചോ?.

ലോനപ്പന്‍ (Devadas) said...

ഹഹാ, എല്ലാം ചുമ്മാതല്ലേ പൊതുവാളേ. പക്ഷേ ഞാനിപ്പോഴും രണ്ടാണ്