Tuesday, August 14, 2007

സ്വപ്നങ്ങള്‍

സ്വപ്നങ്ങളെ ജീവിതപ്പാത നീളെ
നിഴലായ് പിന്തുടരുമോ എന്നെ
സുകൃതസുന്ദരദിനമെന്നു നിങ്ങളെ
എന്നില്‍ നിന്നകറ്റീടുമെന്നറിവീലെനിക്ക്.

അഭ്രപാളികളില്‍ തെളിയും ഭ്രമാത്മക-
വര്‍ണ്ണചിത്രങ്ങളിലല്ലാ, വിലപ്പെട്ട
ജീവിതം വിറ്റും നേടും നിമിഷങ്ങളുമല്ല
മണിമാളികയല്ല മഞ്ഞലോഹവുമല്ല
മരണം തീണ്ടീടാത്ത ഗാത്രവുമല്ലെന്‍ സ്വപ്നം.

മഴവില്ലുലയുന്ന നീലാംബരത്തിന്‍ മീതെ
കുടയായോസോണ്‍ പാളിയെന്നെന്നുമുണ്ടാവണം
വാര്‍മതി വിലസുന്ന വൈശാഖരജനിയില്‍
ഭീതിയെന്യേയതാസ്വദിക്കുവാന്‍ കഴിയണം

മതവൈരത്തിന്‍ മദപ്പാടുകളൊഴിഞ്ഞൊരു
ജനതയെന്റെ കൂട്ടുകുടുംബമായീടണം
വിശ്വത്തിന്‍ വിശ്വാസമായ് മാറുവാനെന്റെ
നാടൊരുപാടൊരുപാട് മുന്നോട്ട് കുതിക്കണം

വാത്സല്യമോലും സ്മൃതിചിഹ്നങ്ങളെന്നെന്നുമെന്‍
വന്ദ്യയാം മാതാവിന്റെ സുസ്മിതമായീടണം
പിന്നിടും വഴിയിലീ ചിന്തകള്‍ പിന്തുടര്‍ന്നു
സ്വപ്നങ്ങളായ് വന്നേറെ നിദ്രയെ വിഴുങ്ങുന്നു
.

6 comments:

Unknown said...

പ്രിയ ബ്ലഗാക്കളേ,

എല്ലാവര്‍ക്കും ‘സ്വാതന്ത്ര്യ ദിനാശംസകള്‍‘

ഇതാ ഒരു പോസ്റ്റു കൂടി “സ്വപ്നങ്ങള്‍”

മുസ്തഫ|musthapha said...

‘സ്വാതന്ത്ര്യ ദിനാശംസകള്‍‘

സ്വപ്നങ്ങള്‍... സ്വപ്നങ്ങളെ...
നിങ്ങള്‍ സ്വര്‍ഗ്ഗ കുമാരികളല്ലോ...
നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍...
നിശ്ചയം ശൂന്യമീ ലോകം.

പൊതുവാളെ ഈ പോസ്റ്റ് നന്നായിട്ടുണ്ട്... ആരും കൊതിക്കുന്ന സ്വപ്നങ്ങള്‍ മാത്രം...

...മതവൈരത്തിന്‍ മദപ്പാടുകളൊഴിഞ്ഞൊരു
ജനതയെന്റെ കൂട്ടുകുടുംബമായീടണം
വിശ്വത്തിന്‍ വിശ്വാസമായ് മാറുവാനെന്റെ
നാടൊരുപാടൊരുപാട് മുന്നോട്ട് കുതിക്കണം...

നമ്മുടെ വരും തലമുറകള്‍ക്കെങ്കിലും ഈ സ്വപ്നം പൂവണിയട്ടെ...!

Sanal Kumar Sasidharan said...
This comment has been removed by the author.
കുഞ്ഞന്‍ said...

സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ധീര ദേശാഭിമാനികള്‍ക്കു പ്രണാമം അര്‍പ്പിച്ചുകൊണ്ട്‌,

കൂട്ടുകാരാ താങ്ങള്‍ക്കു എന്റെ സ്വാതന്ത്ര്യദിനാശംസകള്‍.....

Rasheed Chalil said...

നമ്മുടെ ജന്മ നാട് ഇനിയും ഒരുപാടൊരുപാട് വളരട്ടേ... എന്ന പ്രാര്‍ത്ഥനയോടെ ... സ്വാതന്ത്ര്യദിനാശംസകള്‍

ശ്രീ said...

“മതവൈരത്തിന്‍ മദപ്പാടുകളൊഴിഞ്ഞൊരു
ജനതയെന്റെ കൂട്ടുകുടുംബമായീടണം“

എല്ലാവരുടേയും സ്വപ്നം ഇങ്ങനെ ആയിരുന്നെങ്കില്‍‌....

:)