എന്തോ മറന്നു ഞാനിന്നീ നാരായമെടുക്കുമ്പോള്‍
എഴുതാന്‍ കൊതിച്ചൊരു സന്ദേശമാകാം,
മൂളിപ്പാട്ടിന്റെ വരിയാകാം,മുത്തശ്ശിക്കഥയാകാം
മുന്നേറിപ്പോയ ഋതുചക്രത്തിന് ഗതിയാകാം.
മനസ്സില്‍ മറക്കാതെ മറയാതിരിക്കുന്ന
ഏതോ കിനാവാല്‍ തീര്‍ത്ത സങ്കല്പമധുപാത്രം
ഉടഞ്ഞു പോയീ,രാവിന്നന്ത്യയാമത്തിന് ശേഷം
ഉണരുന്നിതാ കത്തും സൂര്യനും മണല്‍ക്കാടും.
ഘടികാരത്തിന് സൂചിയഞ്ചിലെത്തുമ്പോള്,
ഞെട്ടിപ്പിടയുമലാറത്തിന്നലറല് കേട്ടെല്ലാരും.
ഇനിയും വൈകിച്ചായും രവിതന്‍ തലോടലി-
ന്നതിയായ് കൊതിച്ചോരോ വഴിയേ നടന്നിടാം.
അപ്പോഴും മനക്കണ്ണില്തെളിയുന്നൊരു ചിത്രം
എന്പ്രിയപ്പെട്ടോളുടെ സുസ്മിത മുഖാംബുജം
ജീവാംശമായ് വന്നോരു പൈതലെപ്പാലൂട്ടുന്ന
മാതൃവാത്സല്യത്തിന്റെ മഹനീയമാം ദൃശ്യം.
വെയില് മൂക്കുമ്പോള്‍ കണ്ണിലിരുട്ടു പടരുമ്പോള്‍
ദാഹാര്‍ത്തമാം മനസ്സ് കണ്ണീരു കുടിക്കുമ്പോള്‍
മരുപ്പച്ച തേടുന്ന കിനാവേ മടങ്ങുക
ഏകാന്തതേ നീയെന്നെ വലയം ചെയ്തീടായ്ക.
ഇനിയുമുണങ്ങാത്ത വേര്പാടിന് മുറിപ്പാടില്‍
ഇറ്റുവീഴും കണ്ണുനീര് നീറ്റുന്നു ഹൃദയത്തെ
ഇടശ്ശേരി തന് പയ്യെക്കാണുവാന് കൊതിക്കുമ്പോള്‍
കടല്ക്കാറ്റുഷ്ണജ്വാലാനാളമായ് പൊതിയുന്നു.
നിറങ്ങള്‍ ചാലിച്ചാരോ രചിച്ചോരുദ്യാനത്തില്
നിറഞ്ഞു പരക്കേണ്ട സുഗന്ധമില്ലാത്മാവും.
എങ്കിലും മരുഭൂവില്‍ മലര്‍വാടി തീര്‍ത്തൊരാ
ലോകനാഥന്റെ തിരുനാമങ്ങള് വാഴ്ത്തുന്നു ഞാന്‍.
ഏതിന്ദ്രജാലങ്ങളും സ്വപ്നപ്പൂക്കാലം പോലെ
ശൂന്യത ഹൃദയത്തില്‍ മേല്ക്കുമേല് നിറയ്ക്കുമ്പോള്‍
അമ്മ തന് മടിത്തട്ടു കാത്തിരിക്കുന്നു ദൂരേ
ഹരിതതീരത്തിന്റെ തേനൂറും താരാട്ടുമായ്.
11 comments:
ബൂലോഗ സഹോദരങ്ങളേ,
രണ്ടുമൂന്ന് വര്‍ഷം മുന്‍പെഴുതിയ ഒരു പഴയ കവിത
‘പ്രവാസസ്വപ്നാകാശം’ഇവിടെ പുതുതായിപ്പതിക്കുന്നു,വായിച്ചഭിപ്രായമറിയിക്കുമല്ലോ?
സസ്നേഹം പൊതുവാള്
ഏതിന്ദ്രജാലങ്ങളും സ്വപ്നപ്പൂക്കാലം പോലെ
ശൂന്യത ഹൃദയത്തില്‍ മേല്ക്കുമേല് നിറയ്ക്കുമ്പോള്‍
അമ്മ തന് മടിത്തട്ടു കാത്തിരിക്കുന്നു ദൂരേ
ഹരിതതീരത്തിന്റെ തേനൂറും താരാട്ടുമായ്...
പൊതുവാള്‍ജീ ഒത്തിരി ഇഷ്ടമായി ഈ കവിത.
പൊതുവാള്‍ജി,
ഇതു നന്നായിരിക്കുന്നു. മനസ്സില്‍ തട്ടുന്ന വരികള്‍.
ഓടോ : എവിടെയാ?????
--സുല്‍
"വെയില് മൂക്കുമ്പോള്‍ കണ്ണിലിരുട്ടു പടരുമ്പോള്‍
ദാഹാര്‍ത്തമാം മനസ്സ് കണ്ണീരു കുടിക്കുമ്പോള്‍
മരുപ്പച്ച തേടുന്ന കിനാവേ മടങ്ങുക
ഏകാന്തതേ നീയെന്നെ വലയം ചെയ്തീടായ്ക."
പൊതുവാളെ...മനോഹരമായിട്ടുണ്ട് ഈ കവിത.
നന്നായിരിക്കുന്നു
പൊതുവാളേ, നല്ല വരികള്‍. കൊള്ളാം.:)
നല്ല കവിത.
"ഉണരുന്നിതാ കത്തും സൂര്യനും മണല്‍ക്കാടും"
ഇവിടുത്തെ പ്രഭാതം പോലും ഒരു ഉന്മേഷം തരാറില്ല അല്ലേ
പൊതുവാള്,
കവിത വായിച്ചു , ഇഷ്ടമായി :)
പൊതുവാളേ.. ഇതിപ്പോഴാ ഞാന്‍ വായിക്കണേ... നന്നായിരിക്കുന്നു.
Excellent one
പ്രവാസസ്വപ്നാകാശത്തിലേക്ക് കണ്ണുപായിച്ച് അഭിപ്രായങ്ങള്‍ പറഞ്ഞ,
ഇത്തിരീ ;)
ഒത്തിരി സന്തോഷം
സുല്ലേ:)
സന്തോഷം , ഇവിടൊക്കെത്തന്നെയുണ്ട്
സാരംഗീ:)
നന്ദി.
ശെഫീ:)
വേണു :)
വല്ല്യമ്മായി :)
അതാണ് സത്യം
തറവാടീ :)ഉം..
അപ്പൂ:)
സന്തോഷം
ദിവകുമാരാ:)
വന്നതില്‍ സന്തോഷം
എല്ലാര്ക്കും ഒരിക്കല്‍ക്കൂടി നന്ദി.:)
Post a Comment