Monday, December 10, 2007

വിനീതിന് പിറന്നാളാശംസകള്‍



ഇവന്‍ വിനീത്
എന്നെ ‘പുത് ‘ നരകത്തില്‍ നിന്നും ത്രാണനം ചെയ്യേണ്ടവന്‍....
ഇന്ന് പന്ത്രണ്ടാം പിറന്നാള്‍ ദിനത്തില്‍ എല്ലാ ഐശ്വര്യാശംസകളും നേരുന്നു....

സ്‌നേഹപൂര്‍വം അച്ഛന്‍
------------------------

Sunday, December 2, 2007

പ്രഭാതകിരണം (ഒരു ഗാനം)

പ്രഭാതകിരണം തഴുകീയിരുളിന്‍
യവനികയുയര്‍ന്നു നിന്‍ പുഞ്ചിരിയാല്‍
പ്രണവമുണര്‍ന്നു പ്രകൃതിയുണര്‍ന്നു
പ്രിയതരമാമനുരാഗമുണര്‍ന്നു.

പ്രഭാതകിരണം.............

പരിണയസുദിനം കനവിലണഞ്ഞു
പരിമൃദുവദനം സുമദലമണിഞ്ഞു
പ്രണയവനികയില്‍ വനചന്ദ്രികയായ്
പടരാന്‍ പാലാഴി ചൊരിയാനണയൂ

പ്രഭാതകിരണം.........

അനാരതം തവ സ്മിതാതിമധുരം
സഞ്ജീവനിയായ് ഹൃത്തില്‍ നിറഞ്ഞു
അനുരാഗവിവശന്‍ അകതാരിലുണര്‍ന്നു
സമക്ഷമണയൂ ഹൃദയേശ്വരിയേ

പ്രഭാതകിരണം..........

Thursday, November 29, 2007

ഉമ്മിണി ചെറിയ കള്ളന്മാര്‍



വലുതല്ലാത്തൊരു വാഴക്കുലയില്‍





വിരുതന്മാരിവര്‍ തേന്‍ ചോരന്മാര്‍....

Wednesday, November 21, 2007

വനവീഥിയിലൂടെ



ചേച്ചീ വേഗം പോകാം മഴയിപ്പം പെയ്യും.

Sunday, November 18, 2007

വിശ്വശ്രീക്ക് നാലാം പിറന്നാളാശംസകള്‍


കുസൃതിക്കുടുക്കയുടെ നാലാം പിറന്നാളിന് ഒരായിരമാശംസകള്‍

Saturday, September 15, 2007

ഈറ്റ് & മീറ്റ് ചിത്രങ്ങള്‍



വിഭവ സമൃദ്ധം

ഈറ്റ് & മീറ്റിനെത്തിയവരെ കാത്തിരുന്ന വിഭവങ്ങളില്‍ ചിലത്. ബാക്കി ചിത്രങ്ങള്‍ ഇവിടെ കാണാം

Tuesday, August 14, 2007

സ്വപ്നങ്ങള്‍

സ്വപ്നങ്ങളെ ജീവിതപ്പാത നീളെ
നിഴലായ് പിന്തുടരുമോ എന്നെ
സുകൃതസുന്ദരദിനമെന്നു നിങ്ങളെ
എന്നില്‍ നിന്നകറ്റീടുമെന്നറിവീലെനിക്ക്.

അഭ്രപാളികളില്‍ തെളിയും ഭ്രമാത്മക-
വര്‍ണ്ണചിത്രങ്ങളിലല്ലാ, വിലപ്പെട്ട
ജീവിതം വിറ്റും നേടും നിമിഷങ്ങളുമല്ല
മണിമാളികയല്ല മഞ്ഞലോഹവുമല്ല
മരണം തീണ്ടീടാത്ത ഗാത്രവുമല്ലെന്‍ സ്വപ്നം.

മഴവില്ലുലയുന്ന നീലാംബരത്തിന്‍ മീതെ
കുടയായോസോണ്‍ പാളിയെന്നെന്നുമുണ്ടാവണം
വാര്‍മതി വിലസുന്ന വൈശാഖരജനിയില്‍
ഭീതിയെന്യേയതാസ്വദിക്കുവാന്‍ കഴിയണം

മതവൈരത്തിന്‍ മദപ്പാടുകളൊഴിഞ്ഞൊരു
ജനതയെന്റെ കൂട്ടുകുടുംബമായീടണം
വിശ്വത്തിന്‍ വിശ്വാസമായ് മാറുവാനെന്റെ
നാടൊരുപാടൊരുപാട് മുന്നോട്ട് കുതിക്കണം

വാത്സല്യമോലും സ്മൃതിചിഹ്നങ്ങളെന്നെന്നുമെന്‍
വന്ദ്യയാം മാതാവിന്റെ സുസ്മിതമായീടണം
പിന്നിടും വഴിയിലീ ചിന്തകള്‍ പിന്തുടര്‍ന്നു
സ്വപ്നങ്ങളായ് വന്നേറെ നിദ്രയെ വിഴുങ്ങുന്നു
.

Sunday, July 29, 2007

60 വയതിനിലെ

ഇരട്ടകളിലൊരാള്‍ ഞാന്‍
വയസ്സ് അറുപത് കഴിയുന്നു

തിരിഞ്ഞു നോക്കാന്‍ പേടിയാകുന്നു
മുന്നോട്ടുള്ള കാഴ്ചയ്ക്കൊരവ്യക്തത

അമ്മയ്ക്ക് കാലനായിപ്പിറന്ന സഹോദരന്‍
മക്കളുടെ ചങ്ങലയില്‍
പീഠാനുഭവങ്ങള്‍ ഏറ്റുവാങ്ങി
നരകിക്കുകയാണ്
എന്നു കേള്‍ക്കുന്നു.

ശൈശവം വെറുക്കുന്നൊരോര്‍മ്മ
മാതാവിനു പിന്നാലെ
പിതാവിന്റെ അരും കൊലയും
അതിജീവനത്തിന്റെ ദുരന്തസ്മരണകളും

യൌവനം കൊള്ളാം
ചങ്കൂറ്റത്തൊടെ സ്വന്തം കാലില്‍
ഏതാള്‍ക്കൂട്ടത്തിലും വ്യക്തിത്വം വിളിച്ചോതി
നിരാലംബര്‍ക്ക് കൈത്താങ്ങായി

പിന്നെപ്പൊഴോ, സിരയില്‍
അണുക്കളായ് കാപട്യമെത്തിപ്പെട്ടു.
വ്രണങ്ങള്‍ ശരീരത്തില്‍
അങ്ങിങ്ങു ജീര്‍ണ്ണിക്കയായ്

ഒഴിയും കട്ടില്‍ കിട്ടാന്‍
അച്ഛന്റെ മരണത്തെ
വരവേല്‍ക്കുന്ന മക്കള്‍
തന്നുടെ കാലമായി.

സ്വത്വമെന്നൊരു ധനം
പണയം വെച്ചു
പണ്ടു കൊള്ളതന്നവാ‍സാനമമ്മയെ
കൊന്നുതിന്ന കള്ളന്റെ മുന്നിലവര്‍.

എന്നെയുമവന്റെ ചങ്ങലയ്ക്കുള്ളില്‍
പൂട്ടുന്നതെന്നാണാവോ?.

കൊച്ചു മക്കളേ,
നിങ്ങളറിയണം
ഈ വൃദ്ധന്റെ മനോനില
ചങ്ങലയ്ക്കു ഭ്രാന്തു പിടിക്കാതെ സൂക്ഷിക്കണം.

Thursday, July 12, 2007

ഒരു ശോകഗാനം

മിഴിനീരിലലയുന്ന നൌകയീ ജീവിതം
തുഴ പോലുമില്ലാതെയുഴറുന്നു മാനസം
ശ്രുതിഭംഗമില്ലാതെ പാടുവതെന്നിനി
ഹൃദയതാളം പോലുമവതാളമകുമ്പോള്‍

വ്യര്‍ത്ഥമോഹങ്ങള്‍ തന്‍ സ്വപ്നതീരം തേടാന്‍
വിരിയുന്ന പുലരി തന്‍ പുഞ്ചിരി കാണുവാന്‍
വെമ്പുന്ന നീലനിശീഥമേ ഈ വഞ്ചി-
യണയുന്ന തീരമേതെന്നു നീയറിയുമോ?

ലക്ഷ്യം മരീചികയായ് തെന്നി മാറവേ
സ്വപ്നങ്ങളിരുളിന്റെ ഗഹ്വരം തേടവേ
ശുക്രനക്ഷത്രവും കണ്ണടക്കുന്നുവോ?
ശൂന്യമാമിരുളിലീ തോണി മുങ്ങുന്നുവോ?

വിധിയുടെ വിളയാട്ടത്തില്‍ പ്രതീക്ഷയറ്റ് ജീവിതം വഴിമുട്ടി നില്‍ക്കുന്ന ഒരു ദുരന്ത കഥാപാത്രത്തിന്റെ നേര്‍ത്തു നേര്‍ത്തില്ലാ‍താവുന്ന ദയനീയസ്വരം.

Thursday, June 14, 2007

ഓളവും തീരവും (ചില പോട്ടങ്ങള്‍)


കിന്നാരം ചൊല്ലിച്ചൊല്ലി.........




ഉല്ലാസയാത്രയ്‌ക്കൊരാളേയും കാത്ത്..........




കാറ്റിനോട് കളിപറഞ്ഞ്...........

Saturday, June 2, 2007

പൊട്ടിയ പട്ടം

വിരഹകാലത്തിന്റെ വേദനച്ചെപ്പില്‍-
നിന്നൂര്‍ന്നുടയുന്ന കണ്ണുനീര്‍ മുത്തുകള്‍
വികലമായ കിനാക്കള്‍ തന്‍ തുണ്ടുകള്‍
സകലകാലത്തിന്‍ കാതര സ്മരണകള്‍.

ദുരിതഭൂതത്തിന്‍ താരാട്ട് ശൈശവം
ഏട്ടിലെപ്പയ്ക്കളെ മേയ്ച്ചൊരു കൌമാരം
പാട്ടില്‍ മയങ്ങിയ പാന്ഥന്റെ യൌവനം
സ്വര്‍ണ്ണ നഗരത്തില്‍ ശിക്ഷയീ വാര്‍ദ്ധക്യം.

കരുണ കാട്ടിയ കാവ്യമരന്ദവും
കനിവായ് വീശിയൊരമ്മ തന്‍ തേങ്ങലും
നിനവില്‍ നിന്നു മറയുന്നുവോയിന്നു
നനവു വറ്റിയ തടിനിയോ മാനസം?.

സ്വരമരാളങ്ങള്‍ നര്‍ത്തനമാടിയ
കണ്ഠമിന്നതിന്‍ വാതിലടയ്ക്കുന്നു.
സ്വയമൊരര്‍ച്ചനാപുഷ്പമായ് മണ്ണിതില്‍
കത്തിയമരുവാന്‍ കാലം വിളിക്കുന്നു.

സ്വര്‍ഗ്ഗമെന്ന സ്വപ്നത്തിന്റെ വേദിയില്‍
കാത്തിരുന്നു മടുത്തുവോ പ്രിയതമേ?
സ്വപ്നമേഘത്തിന്‍ വര്‍ണ്ണച്ചിറകുമായ്
യാത്രയാകുന്നു പ്രിയതമനിന്നിതാ...

Tuesday, May 15, 2007

കനലടുപ്പ് (കവിത)

കനലല്ലെങ്കിലും കനലടുപ്പാണു ഞാന്‍,
കനിവില്ലെങ്കിലും കത്താതെ വയ്യല്ലോ.
കണ്ണും നിറച്ചെന്നിലൂതിത്തളരവേ,
കണ്ടു ഞാന്‍ നിന്നില്‍പ്പുകയും കനലുകള്‍.

കത്തിപ്പടരുവാന്‍ വെമ്പുന്നൊരോര്‍മ്മകള്‍,
കനവിനെ ചാരമായ് മാറ്റിയ നാമ്പുകള്‍,
കാതില്‍ മുഴങ്ങുന്ന കാല്‍ച്ചിലമ്പൊച്ചകള്‍,
കാതരം നീന്തുന്ന നിന്മിഴിച്ചെപ്പുകള്‍ .

കവിതയില്‍പ്പൂക്കുന്ന പുത്തനുണര്‍വുകള്‍
കാത്തുസൂക്ഷിക്കുകയെന്നേയ്ക്കുമായി നീ.
കര്‍ത്തവ്യമെന്തെന്നു കാട്ടിക്കൊടുക്കുവാന്‍
കല്പാന്തകാലം വരെ നിലകൊള്ളുക.



വല്ല്യമ്മായിയുടെ കൊച്ചു കവിത കനല്‍ വായിച്ചപ്പോള്‍ ഉള്ളിലുയര്‍ന്ന പുക ഈ രൂപത്തില്‍ ബഹിര്‍ഗമിക്കുന്നു. അഭിപ്രായങ്ങള്‍ക്കു സ്വാഗതം.

Friday, May 11, 2007

Thursday, May 3, 2007

കാറ്റേ വാ കിളിയേ വാ(മറ്റൊരു ഗാ‍നം)

കാറ്റേ വാ കിളിയേ വാ കാട്ടില്‍ വിടരും മലരേ വാ
കാര്‍ത്തുമ്പിപ്പെണ്ണിന്റെ കല്ല്യാണം കൂടാന്‍ വാ
മാനത്തു പടര്‍ന്നൊരു മുല്ല മലര്‍മുത്തുകളാല്‍ ചിരി തൂകി
മണവാളനെ സ്വപ്നംകണ്ട് മതിമുഖിയാളൊന്നു മയങ്ങി
കാറ്റേ വാ......
മധുമാസമേ നീ കണ്ടുവോ ചിരി തൂകി നില്‍ക്കും സന്ധ്യയെ
സ്വരരാഗമാല കോര്‍ക്കുമോ കിളിജാലമേ സ്വനങ്ങളാല്‍
വെയില്‍ കായുവാന്‍ വരുന്നൊരീവരയാടുകള്‍ക്കുമുത്സവം
മല പൂത്തുലഞ്ഞ വേളയില്‍ മിഴികള്‍ക്കു ദൃശ്യ വിസമയം
കാറ്റേ വാ
മഴവില്‍ക്കൊടിയഴകിലണിഞ്ഞ് മധുവിധുവിന്‍ നറുതേനുണ്ട്
മലമുകളില്‍ ചുറ്റിനടക്കും മാരിക്കാര്‍മുകിലേ വായോ
മിഴിനീരിന്‍ തുള്ളികള്‍ തൂകി മാനിനിയെക്കുളിരണിയിക്കൂ
മൃദുരവമായൊഴുകിയണഞ്ഞീ മംഗളദിനമുജ്ജ്വലമാക്കൂ
കാറ്റേ വാ

Thursday, April 26, 2007

പ്രവാസസ്വപ്നാകാശം (കവിത)

എന്തോ മറന്നു ഞാനിന്നീ നാരായമെടുക്കുമ്പോള്‍
എഴുതാന്‍ കൊതിച്ചൊരു സന്ദേശമാകാം,
മൂളിപ്പാട്ടിന്റെ വരിയാകാം,മുത്തശ്ശിക്കഥയാകാം
മുന്നേറിപ്പോയ ഋതുചക്രത്തിന്‍ ഗതിയാകാം.


മനസ്സില്‍ മറക്കാതെ മറയാതിരിക്കുന്ന
ഏതോ കിനാവാല്‍ തീര്‍ത്ത സങ്കല്പമധുപാത്രം
ഉടഞ്ഞു പോയീ,രാവിന്നന്ത്യയാമത്തിന്‍ ശേഷം
ഉണരുന്നിതാ കത്തും സൂര്യനും മണല്‍ക്കാടും.

ഘടികാരത്തിന്‍ സൂചിയഞ്ചിലെത്തുമ്പോള്‍,
ഞെട്ടിപ്പിടയുമലാറത്തിന്നലറല്‍ കേട്ടെല്ലാരും.
ഇനിയും വൈകിച്ചായും രവിതന്‍ തലോടലി-
ന്നതിയായ് കൊതിച്ചോരോ വഴിയേ നടന്നിടാം.

അപ്പോഴും മനക്കണ്ണില്‍തെളിയുന്നൊരു ചിത്രം
എന്‍പ്രിയപ്പെട്ടോളുടെ സുസ്മിത മുഖാംബുജം
ജീവാംശമായ് വന്നോരു പൈതലെപ്പാലൂട്ടുന്ന
മാതൃവാത്സല്യത്തിന്റെ മഹനീയമാം ദൃശ്യം.

വെയില്‍ മൂക്കുമ്പോള്‍ കണ്ണിലിരുട്ടു പടരുമ്പോള്‍
ദാഹാര്‍ത്തമാം മനസ്സ് കണ്ണീരു കുടിക്കുമ്പോള്‍
മരുപ്പച്ച തേടുന്ന കിനാവേ മടങ്ങുക
ഏകാന്തതേ നീയെന്നെ വലയം ചെയ്തീടായ്ക.

ഇനിയുമുണങ്ങാത്ത വേര്‍പാടിന്‍ മുറിപ്പാടില്‍
ഇറ്റുവീഴും കണ്ണുനീര്‍ നീറ്റുന്നു ഹൃദയത്തെ
ഇടശ്ശേരി തന്‍ പയ്യെക്കാണുവാന്‍ കൊതിക്കുമ്പോള്‍
കടല്‍ക്കാറ്റുഷ്ണജ്വാലാനാളമായ് പൊതിയുന്നു.

നിറങ്ങള്‍ ചാലിച്ചാരോ രചിച്ചോരുദ്യാനത്തില്‍
നിറഞ്ഞു പരക്കേണ്ട സുഗന്ധമില്ലാത്മാവും.
എങ്കിലും മരുഭൂവില്‍ മലര്‍വാടി തീര്‍ത്തൊരാ
ലോകനാഥന്റെ തിരുനാമങ്ങള്‍ വാഴ്ത്തുന്നു ഞാന്‍.

ഏതിന്ദ്രജാലങ്ങളും സ്വപ്നപ്പൂക്കാലം പോലെ
ശൂന്യത ഹൃദയത്തില്‍ മേല്‍ക്കുമേല്‍ നിറയ്ക്കുമ്പോള്‍
അമ്മ തന്‍ മടിത്തട്ടു കാത്തിരിക്കുന്നു ദൂരേ
ഹരിതതീരത്തിന്റെ തേനൂറും താരാട്ടുമായ്.

Friday, April 20, 2007

മരുഭൂമിയിലെ മലര്‍വാടിയില്‍ നിന്ന്...


ചെംബകമേ...........ചെംബകമേ.............
പോട്ടം നംബര്‍ രണ്ട്

Sunday, March 25, 2007

ഒരു പോട്ടം

പോട്ടം പിടുത്തത്തിന്റെ പൊട്ടപ്പരീക്ഷണങ്ങളുടെ ഒന്നാമദ്ധ്യായം

Tuesday, March 13, 2007

പ്രിയസഖീ നിനക്കായ്

ചന്ദ്രഗിരിപ്പുഴയിലെ കുഞ്ഞോളങ്ങള്‍
ചാഞ്ഞതെങ്ങോലയില്‍ തൊട്ടുതലോടുമ്പോള്‍
ചന്ദനഗന്ധം വഹിച്ചെത്തും കാറ്റിന്നു
മൂളുന്ന വരി നിന്റെ നിശ്വാസമോ സഖീ
[ചന്ദ്രഗിരി........

കാലങ്ങളെത്രയൊഴുകിയകന്നാലും
മോഹങ്ങളെത്ര മയങ്ങിക്കിടന്നാലും
മൂകം വിപഞ്ചിക പാടുമെന്‍ നെഞ്ചിലെ
ശാരിക നിത്യമാം നിദ്ര പൂകും വരെ.
[ചന്ദ്രഗിരി........

പുഞ്ചിരി പെയ്യുന്ന പൂനിലാവെട്ടം
പരിരംഭണം ചെയ്ത് കൂടെ നില്‍ക്കുമ്പോള്‍
പാതിരാമുല്ല വിരിയുന്ന നിന്നുടെ
മാനസപ്പൂങ്കാവനത്തില്‍ വിടര്‍ന്നൊരു
ചെമ്പനീര്‍പ്പൂവിനായ് കാത്തിരിക്കുന്നു ഞാന്‍
ഇന്നു സ്വപ്നത്തേരിലേറി വരില്ലെ നീ.
[ചന്ദ്രഗിരി........

Monday, February 26, 2007

അമ്മയ്ക്കൊരുമ്മ കവിത

92ല്‍ കേരളോത്സവത്തിന് വേണ്ടി ഞങ്ങള്‍ കരിവെള്ളൂര്‍ മുരളി രചിച്ച ‘വിശ്വനാഥന്‍ ഓടിക്കൊണ്ടിരിക്കുന്നു ‘ എന്ന നാടകമെടുത്തപ്പോള്‍ അതിന് വേണ്ടി ഞാനെഴുതിയ ഒരു ഗാനത്തിന്റെ വരികളാണ് .സ്‌നേഹധനനായ അച്ഛന്‍ മൃതിക്കു കീഴടങ്ങിയതും ഇതെഴുതിയ അതേ കാലത്തായിരുന്നു.

ഇവിടെ, ഇത് എല്ലാ അമ്മമാര്‍ക്കുമായി,

അറിവിന്റെ കേദാരമലിവിന്റെ കൂടാരം
അനശ്വരയെന്നും നീയമ്മേ
അര്‍ത്ഥാന്തരങ്ങളിലൊഴുകുമീ ലോകത്തില്‍
അതുല്യയായ് വാഴ്ക നീയമ്മേ

മര്‍ത്യന്റെ വേദന മറ്റാരു കാണും
മിഴിനീര്‍കണമാരു തുടയ്ക്കും
മടിത്തട്ടൊരുക്കി മാറോടു ചേര്‍ത്ത്
താരാട്ടു പാടിയാരുറക്കും

സ്‌നേഹത്തിന്‍ തെളിനീരുറവയായി
ത്യാഗത്തിന്‍ കല്‍ക്കണ്ടമധുരിമയായ്
സര്‍വ്വംസഹയായ ഭൂമിയായി
വരജന്മമേകിയൊരമ്മയല്ലേ

Tuesday, February 20, 2007

ഗാനം

സ്വപ്നത്തിന്‍ ചില്ലുജാലകം തുറന്നു നീ
സൌവര്‍ണ്ണ സന്ധ്യേ പുഞ്ചിരിച്ചു മെല്ലെ
വര്‍ണ്ണങ്ങള്‍ പൂക്കുമാരാമമായ് മനം
കാത്തിരുന്നു നിന്നെ നീയെന്റെയല്ലേ
ജീവിതം പൂക്കും സുഗന്ധം പരത്തും
ആ സുഗന്ധമേകുമെന്നുമാഘോഷവേള
[സ്വപ്നത്തിന്‍ ........
കണ്ടു ഞാന്‍ നിന്റെ മിഴിയിലെ നക്ഷത്രത്തിളക്കം
കണ്മണീ നീയറിയുകില്ലെന്റെ ഹൃദയപ്പെരുക്കം
മഞ്ഞുതുള്ളി പോലെ കുളിരു കൊണ്ടു മൂടാന്‍
മഞ്ജിമേ പോരു നീ മനസ്വിനിയായി
മാഘമാസം വന്നല്ലോ മാകന്ദം പൂത്തല്ലോ
മധുമൊഴീ പ്രിയതോഴിയായ് നീ വരില്ലേ
[സ്വപ്നത്തിന്‍..........
ശ്രുതിലയവാഹിയം കുളിര്‍കാറ്റേ നീയെന്റെ
സഖിയുടെ പ്രേമഗാനം കേള്‍പ്പിക്കുകില്ലേ
കളകളമൊഴുകും പുഴയുടെ ശ്രുതിയിലെന്‍
പ്രിയതമ പാടുന്ന മധുരാനുരാഗം
സ്വരമഴയായ് പെയ്തിറങ്ങുമീ സന്ധ്യയില്‍
സ്വപ്നങ്ങളേ ഇനി മയങ്ങാം മധുരസ്മരണകളേ മടങ്ങാം
[സ്വപ്നത്തിന്‍...........


ഒരനുരാഗഗാനം ആര്‍ക്കും പാടാം.........

Saturday, February 17, 2007

എന്റെ ചങ്ങാതിമാര്‍ക്ക്. (കവിത)

നിങ്ങള്‍, അക്ഷരങ്ങളെന്നോര്‍മ്മകള്‍,
കാലങ്ങളായി കൂടെപ്പോരുന്ന നിഴലുകള്‍
ഇരുളും വെളിച്ചവും, ബോധവുമബോധവും,
നിനവും മറവിയും, ദിനവും രജനിയും,
ഭേദമില്ലാതെയെന്റെ ഹൃദയസ്പന്ദനങ്ങള്‍
നിലനിര്‍ത്തുന്ന ജീവനാഡി തന്‍ തുടിപ്പുകള്‍.

നശ്വരമാകും ലോകവണ്ടി തന്‍ നിയന്ത്രണം
എത്രയോ കാലങ്ങളായ് അക്ഷരക്കടിഞ്ഞാണില്‍,
*ഗഡ്ഡിയും, മഷിത്തണ്ടും, സ്ലേറ്റുമായ് പള്ളിക്കൂട-
യാത്ര ഞാന്‍ പുറപ്പെടും മഴ വന്നെതിരേല്‍ക്കും.
ഇല്ലൊരു കുട പിന്നെയമ്മ തന്‍ **കൊരമ്പയും
ചൂടിയങ്ങെത്തുമ്പോഴേക്കൊക്കെയും നനഞ്ഞിടും.

ആദ്യമായ് ഹരിശ്രീയെന്നെഴുതിച്ച നാള്‍ തൊട്ടെന്‍
കൈത്തുമ്പിലുണ്ടീ ചിത്രജാലങ്ങളക്ഷരങ്ങള്‍.

ഒത്തിരിയറിവിന്റെ ജാലകം തുറക്കാനും,
ഉള്ളിലെ നിനവുകള്‍ക്കുയിരു കൊടുക്കാനും,
ഇഷ്ടങ്ങള്‍ കൈമാറാനും, നൊമ്പരപ്പെടുത്തിയ
കനവിന്‍ മയില്‍പ്പീലിത്തുണ്ടുകള്‍ സൂക്ഷിക്കാനും,
ഇല്ലായ്മ തന്‍ ഭൂതത്തിന്‍ കൈകളില്‍പ്പിടഞ്ഞൊരു
പുത്രവാത്സല്യത്തിന്റെ കണ്ണീരിലാറടുമ്പോള്‍
വര്‍ണ്ണങ്ങള്‍ മാരിവില്ലായ് വിടരാത്ത ബാല്യത്തില്‍
സഹയാത്രികരായി കൂടെ നടക്കുവാനും,
നിങ്ങളല്ലാതെയാരുമുണ്ടായിരുന്നില്ലെന്റെ
മിത്രജാലമേ ധന്യമെന്നുമീ സഹയാത്ര.



*സ്ലേറ്റ് പെന്‍സില്‍
** മഴ നനയാതെ കുനിഞ്ഞ് നിന്നും കൃഷിപ്പണി ചെയ്യാന്‍ പറ്റുന്ന വിധത്തില്‍ പച്ച തെങ്ങോല മെടഞ്ഞുണ്ടാക്കുന്ന ഓലമറ. (കാസറഗോഡന്‍ ഭാഷ ,കൂടുതല്‍ വാക്കുകള്‍
ഇവിടെ)