വിട പറയുമ്പോൾ
വിട പറയുന്നു വീണ പൂവും
കരിഞ്ഞ സ്വപ്നവുമൊരു കലണ്ടറും
വിഹ്വലത ശ്രുതിയിട്ട തേങ്ങലുകൾ ലയമായ
നോവിന്റെ പാട്ടുമായ് പുത്തൻ പ്രതീക്ഷകൾ
പുതു വത്സരത്തിന്റെ സൂര്യതേജസ്സോടെ
വന്നണയുന്നിതാ സ്വാഗതമോതിടാം
കശുമാവുകൾ വീണ്ടും പൂക്കുമ്പോൾ
കുഞ്ഞേ നിൻ ദൈന്യ മുഖം
വിഷമഴയുടെ തിരുരൂപം
കണ്മുന്നിൽ തെളിയുമ്പോൾ
എങ്ങനെ നാമാഘോഷിക്കും
ഈ പുതുവർഷപ്പുലരി
ജീവാമൃതമാകേണ്ട ജലം മുല്ലപ്പെരിയാറിൽ
മരണഭയാഗ്നിപർവ്വതമായിപ്പുകയുമ്പോൾ
സോദരർ തമ്മിൽ കുടിപ്പകയേറുമ്പോൾ
പ്രകൃതീ നിന്നന്ത്യവിധിക്കോ നീതിപീഠം കാത്തിരിക്കുന്നു
മായാത്ത ദുരന്ത ചിത്രങ്ങൾ നിസ്സംഗതയുടെ
തിമിരം മിഴികൾക്കേകുമ്പോൾ
ഈ പുതുവർഷപ്പുലരി
കാപട്യം പുത്തൻ കുഞ്ഞാടിൻ തോലുകൾ നേടി
സേവന പീഠനമിവിടെത്തുടരുമ്പോൾ
തേങ്ങലുകൾ പോലുമടക്കി കാലത്തെയാകെ ശപിച്ച്
പാഴായൊരു ജന്മ സമസ്യകൾ മറുമൊഴി തേടുമ്പോൾ
നാളേയുടെ നീലാകാശം താണ്ടേണ്ടൊരു ചിറകുകളെല്ലാം
അരിഞ്ഞു വീഴ്ത്തും നിഷാദനിവിടെ മന്നവനാകുമ്പോൾ
എങ്ങനെ നാമാഘോഷിക്കും
ഈ പുതുവർഷപ്പുലരി