Monday, February 26, 2007

അമ്മയ്ക്കൊരുമ്മ കവിത

92ല്‍ കേരളോത്സവത്തിന് വേണ്ടി ഞങ്ങള്‍ കരിവെള്ളൂര്‍ മുരളി രചിച്ച ‘വിശ്വനാഥന്‍ ഓടിക്കൊണ്ടിരിക്കുന്നു ‘ എന്ന നാടകമെടുത്തപ്പോള്‍ അതിന് വേണ്ടി ഞാനെഴുതിയ ഒരു ഗാനത്തിന്റെ വരികളാണ് .സ്‌നേഹധനനായ അച്ഛന്‍ മൃതിക്കു കീഴടങ്ങിയതും ഇതെഴുതിയ അതേ കാലത്തായിരുന്നു.

ഇവിടെ, ഇത് എല്ലാ അമ്മമാര്‍ക്കുമായി,

അറിവിന്റെ കേദാരമലിവിന്റെ കൂടാരം
അനശ്വരയെന്നും നീയമ്മേ
അര്‍ത്ഥാന്തരങ്ങളിലൊഴുകുമീ ലോകത്തില്‍
അതുല്യയായ് വാഴ്ക നീയമ്മേ

മര്‍ത്യന്റെ വേദന മറ്റാരു കാണും
മിഴിനീര്‍കണമാരു തുടയ്ക്കും
മടിത്തട്ടൊരുക്കി മാറോടു ചേര്‍ത്ത്
താരാട്ടു പാടിയാരുറക്കും

സ്‌നേഹത്തിന്‍ തെളിനീരുറവയായി
ത്യാഗത്തിന്‍ കല്‍ക്കണ്ടമധുരിമയായ്
സര്‍വ്വംസഹയായ ഭൂമിയായി
വരജന്മമേകിയൊരമ്മയല്ലേ

Tuesday, February 20, 2007

ഗാനം

സ്വപ്നത്തിന്‍ ചില്ലുജാലകം തുറന്നു നീ
സൌവര്‍ണ്ണ സന്ധ്യേ പുഞ്ചിരിച്ചു മെല്ലെ
വര്‍ണ്ണങ്ങള്‍ പൂക്കുമാരാമമായ് മനം
കാത്തിരുന്നു നിന്നെ നീയെന്റെയല്ലേ
ജീവിതം പൂക്കും സുഗന്ധം പരത്തും
ആ സുഗന്ധമേകുമെന്നുമാഘോഷവേള
[സ്വപ്നത്തിന്‍ ........
കണ്ടു ഞാന്‍ നിന്റെ മിഴിയിലെ നക്ഷത്രത്തിളക്കം
കണ്മണീ നീയറിയുകില്ലെന്റെ ഹൃദയപ്പെരുക്കം
മഞ്ഞുതുള്ളി പോലെ കുളിരു കൊണ്ടു മൂടാന്‍
മഞ്ജിമേ പോരു നീ മനസ്വിനിയായി
മാഘമാസം വന്നല്ലോ മാകന്ദം പൂത്തല്ലോ
മധുമൊഴീ പ്രിയതോഴിയായ് നീ വരില്ലേ
[സ്വപ്നത്തിന്‍..........
ശ്രുതിലയവാഹിയം കുളിര്‍കാറ്റേ നീയെന്റെ
സഖിയുടെ പ്രേമഗാനം കേള്‍പ്പിക്കുകില്ലേ
കളകളമൊഴുകും പുഴയുടെ ശ്രുതിയിലെന്‍
പ്രിയതമ പാടുന്ന മധുരാനുരാഗം
സ്വരമഴയായ് പെയ്തിറങ്ങുമീ സന്ധ്യയില്‍
സ്വപ്നങ്ങളേ ഇനി മയങ്ങാം മധുരസ്മരണകളേ മടങ്ങാം
[സ്വപ്നത്തിന്‍...........


ഒരനുരാഗഗാനം ആര്‍ക്കും പാടാം.........

Saturday, February 17, 2007

എന്റെ ചങ്ങാതിമാര്‍ക്ക്. (കവിത)

നിങ്ങള്‍, അക്ഷരങ്ങളെന്നോര്‍മ്മകള്‍,
കാലങ്ങളായി കൂടെപ്പോരുന്ന നിഴലുകള്‍
ഇരുളും വെളിച്ചവും, ബോധവുമബോധവും,
നിനവും മറവിയും, ദിനവും രജനിയും,
ഭേദമില്ലാതെയെന്റെ ഹൃദയസ്പന്ദനങ്ങള്‍
നിലനിര്‍ത്തുന്ന ജീവനാഡി തന്‍ തുടിപ്പുകള്‍.

നശ്വരമാകും ലോകവണ്ടി തന്‍ നിയന്ത്രണം
എത്രയോ കാലങ്ങളായ് അക്ഷരക്കടിഞ്ഞാണില്‍,
*ഗഡ്ഡിയും, മഷിത്തണ്ടും, സ്ലേറ്റുമായ് പള്ളിക്കൂട-
യാത്ര ഞാന്‍ പുറപ്പെടും മഴ വന്നെതിരേല്‍ക്കും.
ഇല്ലൊരു കുട പിന്നെയമ്മ തന്‍ **കൊരമ്പയും
ചൂടിയങ്ങെത്തുമ്പോഴേക്കൊക്കെയും നനഞ്ഞിടും.

ആദ്യമായ് ഹരിശ്രീയെന്നെഴുതിച്ച നാള്‍ തൊട്ടെന്‍
കൈത്തുമ്പിലുണ്ടീ ചിത്രജാലങ്ങളക്ഷരങ്ങള്‍.

ഒത്തിരിയറിവിന്റെ ജാലകം തുറക്കാനും,
ഉള്ളിലെ നിനവുകള്‍ക്കുയിരു കൊടുക്കാനും,
ഇഷ്ടങ്ങള്‍ കൈമാറാനും, നൊമ്പരപ്പെടുത്തിയ
കനവിന്‍ മയില്‍പ്പീലിത്തുണ്ടുകള്‍ സൂക്ഷിക്കാനും,
ഇല്ലായ്മ തന്‍ ഭൂതത്തിന്‍ കൈകളില്‍പ്പിടഞ്ഞൊരു
പുത്രവാത്സല്യത്തിന്റെ കണ്ണീരിലാറടുമ്പോള്‍
വര്‍ണ്ണങ്ങള്‍ മാരിവില്ലായ് വിടരാത്ത ബാല്യത്തില്‍
സഹയാത്രികരായി കൂടെ നടക്കുവാനും,
നിങ്ങളല്ലാതെയാരുമുണ്ടായിരുന്നില്ലെന്റെ
മിത്രജാലമേ ധന്യമെന്നുമീ സഹയാത്ര.



*സ്ലേറ്റ് പെന്‍സില്‍
** മഴ നനയാതെ കുനിഞ്ഞ് നിന്നും കൃഷിപ്പണി ചെയ്യാന്‍ പറ്റുന്ന വിധത്തില്‍ പച്ച തെങ്ങോല മെടഞ്ഞുണ്ടാക്കുന്ന ഓലമറ. (കാസറഗോഡന്‍ ഭാഷ ,കൂടുതല്‍ വാക്കുകള്‍
ഇവിടെ)